കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-അനാവശ്യ വിവാദമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്.

പരിയാരം:   ആശുപത്രി വികസന സമിതിയുടെ 2022-23 വര്‍ഷത്തിലെ വരവ് ചെലവുമായി ബന്ധപ്പെട്ട് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ വാര്‍ഷിക ഓഡിറ്റിനോടനുബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും പിന്‍തിരിയണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.  

ഓഡിറ്റ് വേളകളില്‍ സാധാരണയായി ഉന്നയിക്കാറുള്ള ചോദ്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ആശുപത്രിയില്‍ നിന്നും കൃത്യമായ മറുപടി സമര്‍പ്പിച്ചിട്ടുള്ളതാണ്.

എന്നാല്‍ ഇത്തരം വിശദീകരണങ്ങള്‍ എല്ലാം തന്നെ മറച്ചു വെച്ചു കൊണ്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പ്രസ്താവനയില്‍ അറിയിച്ചു.

 ആശുപത്രി വികസന സമിതിയുടെ വരുമാനത്തില്‍ പ്രസ്തുത കാലയളവില്‍ 10 ലക്ഷം രൂപ യുടെ വ്യത്യാസം കാണുന്നത്  ഇ-പോസ്/ ഗൂഗിള്‍പേ വഴി ലഭിച്ച തുകയുടേതാണ്.

ഇത്തരം പേമെന്റുകളില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുവാന്‍ കാലതാമസം ഉണ്ടാകാറുണ്ട്.

ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ അത് തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ ബാങ്ക് റികണ്‍സിലിയേഷന്‍  ചെയ്ത് സമര്‍പ്പിക്കുകയാണ് പതിവ്.

അപ്രകാരം പ്രസ്തുത തുക റികണ്‍സിലിയേഷന്‍ ചെയ്ത് സമര്‍പ്പിച്ചിട്ടുണ്ട്.

 എച്ച്.ഡി.എസ്. ഫാര്‍മസി വരുമാനത്തില്‍ ഉണ്ടായ 12 കോടി രൂപയുടെ വ്യത്യാസം വ്യത്യസ്ത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെയുള്ള (കാസ്പ്, കാരുണ്യ, മെഡിസെപ്പ്, ട്രൈബല്‍) ക്രെഡിറ്റ് സെയില്‍ വന്ന തുകയാണ്.

ഈ തുക സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ അക്കൗണ്ടില്‍ വരവ് വെയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ മേല്‍ പറഞ്ഞ തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് വികസന സമിതി ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്താല്‍ മാത്രമേ വരവ് വെക്കുവാന്‍ സാധിക്കുകയുള്ളൂ.

  ആശുപത്രി വികസന സൊസൈറ്റിയില്‍ വാടക ഇനത്തില്‍ വന്ന 29 ലക്ഷം രൂപയുടെ കുടിശ്ശിക 4 സ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കേണ്ട തുകയാണ്.

ആയതില്‍ 3 സ്ഥാപനങ്ങ ളുടെ കുടിശ്ശികയായ 22 ലക്ഷം രൂപ, 2023, 2024, 2025 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 5 തവണ എച്ച്.ഡി.എസ്. എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്.

ആശുപത്രി വികസന സമിതി യുടെ ജനറല്‍ ബോഡി യോഗം 10.12.2023 വിളിച്ചു ചേര്‍ത്തു എങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം നടന്നിരുന്നില്ല.

പിന്നീട് 30.06.2024, 09.12.2024 എന്നീ തീയ്യതികളില്‍ ജനറല്‍ ബോഡി ചേരുകയും ചെയ്തിട്ടുണ്ട്.

മേല്‍ സൂചിപ്പിച്ച വിഷയങ്ങള്‍ക്ക് കൃത്യമായ മറുപടി സമര്‍പ്പിച്ചതിന് പുറമെ ഓഡിറ്റ് വേളയില്‍ ഉന്നയിക്കപ്പെട്ട എല്ലാവിധ നിര്‍ദ്ദേശങ്ങളും എച്ച്.ഡി.എസ്. ഓഫീസ് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ആശുപത്രി അധികൃതരെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്ന പ്രവര്‍ത്തികളില്‍ നിന്നും എല്ലാ വിഭാഗം ആള്‍ക്കാരും യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കി പിന്‍തിരിയണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.