കട തീവെച്ച് നശിപ്പിച്ചു-മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

പുളിങ്ങോം: ദുരൂഹസാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന കട കത്തിനശിച്ചു.

ചെറുപുഴ പോലീസ് പരിധിയിലെ പുളിങ്ങോം പാലാതടത്തെ തൈവളപ്പില്‍ യൂസുഫിന്റെ(54)കടയാണ് കത്തിനശിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.

വിവരമറിഞ്ഞ് ചെറുപുഴപോലീസും സ്ഥലത്തെത്തിയിരുന്നു.

യൂസുഫും ഭാര്യയും ഉറങ്ങിക്കിടക്കെ പ്ലാസ്റ്റിക്ക് കത്തിക്കരിയുന്ന മണവും പുകയും പരന്നതോടെയാണ് ഇവര്‍ തീപിടിച്ച വിവരമറിഞ്ഞത്.

ഉടന്‍ തന്നെ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും പൈപ്പുകള്‍ ഓഫാക്കിയനിലയിലായിരുന്നുവെന്ന് യൂസുഫ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

ആസൂത്രിതമായി കട തീവെച്ചുനശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പഞ്ചായത്തംഗം സിബി.എം.തോമസ് മൈലിക്കല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.