രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, ശ്രീഹരന്‍ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു.

ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണു തീരുമാനം.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് പരിഗണിച്ചത്.

ഈ കേസില്‍ ജയിലില്‍ കഴിയുന്ന 6 പേരുടെ നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഇതു കണക്കിലെടുത്ത കോടതി കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.

1991 മേയ് 21നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

ധനു എന്ന തേന്‍മൊഴി രാജരത്‌നം ആയിരുന്നു ചാവേര്‍.

കേസിലെ ഒന്നാംപ്രതി എല്‍.ടി.ടി.ഇ നേതാവ് വി.പ്രഭാകരനായിരുന്നു.

ചാവേര്‍ ആക്രമത്തിന് നേതൃത്വം നല്‍കിയ ശിവരശന്‍, ശുഭ എന്നിവര്‍ പോലീസ് പിടിയില്‍ പെടുമെന്നായപ്പോള്‍ ബംഗളൂരുവിലെ കൊനെനകുന്തയിലുള്ള വീട്ടില്‍ അത്മഹത്യ ചെയ്തിരുന്നു.

കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല.

30 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസിലെ പ്രതികള്‍ മോചിതരാകുന്നത്.