സര്‍ഗ്ഗസംഗമം ഒക്ടോബര്‍-23 ന്
തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗസംഗമം 2022-ഒക്ടോബര്‍ 23 ന്
ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 മുതല്‍ തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്‌കൂളില്‍ വെച്ച് നടക്കുെമന്ന് സംഘാടകസമിതി ഭാരവാഹികളായ
സി.അബ്ദുല്‍കരീം, പി.സി.റഷീദ്, കെ.പി.എം.റിയാസുദ്ദീന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.
വര്‍ഗീയതയ്‌ക്കെതിരെ മാനവമൈത്രി സര്‍ഗ്ഗസംഗമം ജില്ലാതല മെഗാ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ന്യൂനപക്ഷ സാംസ്‌കാരിക
സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ജില്ലാതല മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടല്‍ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. യൂണിറ്റ് തലങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളാണ് ഏരിയ തല പരിപാടികളില്‍ പങ്കെടുക്കുക.
ഇതില്‍ ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് ഒക്ടോബര്‍ 30 ന് കണ്ണൂരില്‍ ജില്ലാതല മെഗാഫൈനല്‍ മത്സരം നടത്തുക.
വിവിധ സാംസ്‌കാരിക പരിപാടികളും സര്‍ഗ്ഗസംഗമത്തില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക സമ്മേളനം മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
കരുണ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ സി.അബ്ദുല്‍കരീം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.
തുടര്‍ന്ന് റഷീദ് തളിപ്പറമ്പ് നയിക്കുന്ന മാപ്പിള ഗാനമേളയും അരങ്ങേറും.