അനധികൃത വാഹനപാര്‍ക്കിംഗ്-സംസ്ഥാനപാതയില്‍ അപകടസാധ്യത കൂടി. ജില്ലാ കളക്ടര്‍ക്ക് പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡപകടസാധ്യത കൂട്ടി അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചു.

തളിപ്പറമ്പ്-താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ തോന്നിയപോലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.

അടുത്തകാലത്തായി ഈ ഭാഗത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ മിക്കതിനും പാര്‍ക്കിംഗ് സൗകര്യമില്ല.

സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമില്ലാതെ സ്ഥാപനങ്ങള്‍ ആരംഭിക്കരുതെന്ന നഗരസഭാ നിര്‍ദ്ദേശം പൂര്‍ണമായി കാറ്റില്‍ പറത്തിയാണ് മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം.

തളിപ്പറമ്പ് ആശുപത്രി കഴിഞ്ഞാല്‍ റോഡ് കുത്തനെയുള്ള ഇറക്കമായതിനാല്‍ വാഹനങ്ങള്‍ മിക്കപ്പോഴും അമിതവേഗതിയിലാണ് കടന്നുപോകുന്നത്.

ഇതിനിടയില്‍ രാത്രികാലങ്ങളിലും മാറ്റും നിരവധി വാഹനങ്ങളാണ് റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.

ഇത് കാല്‍നടയാത്രപോലും അപകടകരമായി
മാറ്റിയിരിക്കയാണ്.

പൊതുമരാമത്ത് റോഡ് പാര്‍ക്കിംഗ് സ്ഥലമായി കണക്കാക്കി സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതാണ് പലപ്പോഴും വാഹാപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചതോടെ ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്.

ട്രാഫിക്‌പോലീസും നഗരസഭയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ജില്ലാ കളക്ടര്‍ക്ക്  പരാതി നല്‍കിയിരിക്കയാണ് നാട്ടുകാര്‍.