നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.

പിലാത്തറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇല്ട്രിക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.

ബേക്കല്‍ പള്ളിക്കര സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പെട്രോള്‍പമ്പ് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടില്‍ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് പൊട്ടിത്തെറിച്ച് കത്തിനശിച്ചത്.

ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം.

ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന മൂന്ന് വീലുള്ള സ്‌ക്കൂട്ടര്‍ ചാര്‍ജ് ചെയ്തുവെച്ചതായിരുന്നു.

ഉച്ചഭക്ഷണം കഴിച്ചശേഷം പയ്യന്നൂരിലേക്ക് പോകാനായി ഒരുങ്ങിക്കൊണ്ടിരിക്കെയാണ് നടുക്കുന്ന ശബ്ദത്തോടെ സ്‌ക്കൂട്ടര്‍ കത്തുകയായിരുന്നു.

പൊട്ടിത്തെറിയില്‍ വീടിന്റെ ചില്ലു ജനാലകള്‍ തകരുകയും വീട് നിര്‍മ്മാണത്തിനായി സൂക്ഷിച്ച മരം ഉരുപ്പടികള്‍ കത്തിനശിക്കുകയും ചെയ്തു.

ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും സ്‌ക്കൂട്ടര്‍പൂര്‍ണമായി കത്തിനശിച്ചിരുന്നു.

കോമാക്കി കമ്പനിയുടെ സ്‌ക്കൂട്ടര്‍ ഒന്നര വര്‍ഷം മുമ്പാണ് ഒരു ലക്ഷത്തി പത്തായിരം രൂപക്ക് വാങ്ങിയത്.

സ്‌ക്കൂട്ടറില്‍ ചീര തുടങ്ങിയ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നയാളാണ് മുഹമ്മദ് സാദിഖ്.

പത്തുമിനുട്ടിനകം ചീരയുമായി സ്‌ക്കൂട്ടറില്‍ പോകാന്‍ തീരുമാനിച്ചതായിരുന്നു.

ഇരു കാലുകള്‍ക്കും ശേഷിക്കുറവുള്ള സാദിഖ് വണ്ടിയോടിച്ചുപോകവെയാണ് പൊട്ടിത്തെറി നടന്നിരുന്നതെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാവുമായിരുന്നു.