തമിഴ്‌നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു.
കാസര്‍കോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് പേര്യയിലെ രമിത(27)ആണ് മരിച്ചത്.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം.
രമിതയുടെ ചികിത്സക്കായി നാട്ടുകാര്‍ ഒരുമിച്ച് പണം സ്വരൂപിച്ചു വരുമ്പോഴായിരുന്നു അന്ത്യം.
തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം(57) ആണ് യുവതിയെ തിന്നര്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് രാമാമൃതം.
കഴിഞ്ഞ എട്ടിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധത്തിലാണ് യുവതിയെ കൊല്ലാന്‍ ശ്രമിച്ചത്.
കടമുറിയില്‍ ഇരിക്കുകയായിരുന്ന രമിതയ്ക്കു നേരെ രാമാമൃതം കുപ്പിയില്‍ കരുതിയ തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.