എം.ഡി.എം.എയുമായി സവാദും ജലീലും പോലീസ് പിടിയിലായി.
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
തളിപ്പറമ്പ് കാര്യാമ്പലത്തെ വി.എം.ഹൗസില്‍ വി.എം.അബ്ദുല്‍ജലീല്‍(30), എളമ്പേരംപാറ ബൈത്തുല്‍ ബിലാല്‍ വീട്ടില്‍ എ.പി.സവാദ്(31)എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 2.10 ന് ധര്‍മ്മശാല കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുവെച്ചാണ് കെ.എല്‍-59 ഇസഡ്-8978 ഇലക്ട്രിക് സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ ഇവരെ പിടികൂടിയത്.
ഓണ്‍ലൈന്‍ സാധനങ്ങളുടെ വിതരണ ജോലി ചെയ്യുന്ന സവാദാണ് എം.ഡി.എം.എയുടെ പ്രധാന വിതരണക്കാരന്‍.
എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവരെന്ന് പോലീസ് പറഞ്ഞു.
റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം മാസങ്ങളായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാല്‍, എസ്.ഐ പി.റഫീക്ക് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ഓണ്‍ലൈന്‍ സാധന വിതരണത്തിന്റെ മറവിലാണ് സവാദ് എം.ഡി.എം.എ ക്ക് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. പോലീസ് കൂടുതല്‍ അന്വേഷണങ്ങല്‍ നടത്തിവരികയാണ്.